പുഴയ്ക്കലിന്റെ മുഖം മാറും

  |   Thrissurnews

തൃശ്ശൂർ: പുഴയ്ക്കൽ പാലംപണി അന്തിമഘട്ടത്തിൽ. പാലംപണി തീരുന്നതോടെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും.

ഗതാഗതക്കുരുക്കിന് കാരണമെന്ന് ജനങ്ങൾ ആരോപിക്കുന്ന, പാലത്തിന് സമീപത്തെ ശോഭാ സിറ്റിയിലേക്കുള്ള തിരിച്ചിൽ ഒഴിവാക്കും. പകരം പാലം കടന്നശേഷം ധർമശാസ്താക്ഷേത്രത്തിന് സമീപം സിഗ്നലോടുകൂടിയ ട്രാഫിക് റൗണ്ട് സ്ഥാപിക്കും. ആ റൗണ്ടിലൂടെയായിരിക്കും ശോഭാ സിറ്റിയിലേക്കും ധർമശാസ്താക്ഷേത്രത്തിലേക്കും കുറിഞ്ഞാക്കൽ വഴിയിേലക്കും മേംബ്ലിക്കാട്ടേക്കും ആമ്പക്കാട് പള്ളി റോഡിലേക്കുമെല്ലാം തിരിയാനാകുക. ശോഭാ സിറ്റി പാർപ്പിടസമുച്ചയത്തിലെ താമസക്കാർക്കും അവിടത്തെ വ്യാപാരകേന്ദ്രത്തിലേക്ക് പോകുന്നവർക്കും യാത്ര അനായാസമാകും. ഇക്കാര്യമെല്ലാം കണക്കിലെടുത്തുള്ള നിർമാണമാണ് പുരോഗമിക്കുന്നത്.

വാഹനങ്ങളെ ഒറ്റവരിപ്പാതയിലൂടെ കടത്തിവിട്ടതോടെ ശോഭാ സിറ്റിക്ക് മുന്നിലെ തിരിവ് ഉണ്ടാക്കിയിരുന്ന ഗതാഗതക്കുരുക്കിന് ശമനമായിട്ടുണ്ട്. ഇൗ അവസരം മുതലെടുത്ത് ശോഭാ സിറ്റിയിലേക്ക് തിരിയുന്നയിടത്ത് റോഡ് പൊളിച്ച് കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കുന്നതിനുള്ള പണി തുടങ്ങി. വെള്ളിയാഴ്ച രാത്രിയോടെ ഇത് പൂർത്തിയാകും.

ശനിയാഴ്ച രാവിലെ മുതൽ കോൺക്രീറ്റ് ഡിവൈഡർ നിർമാണം തുടങ്ങും. നിർമാണം പൂർത്തിയായാൽ ശോഭാ സിറ്റിയിലേക്ക് പഴയതുപോലെ വാഹനങ്ങൾക്ക് തിരിയാനാകില്ല. സിഗ്നലിൽ എത്തി തിരിയണം.

സ്വകാര്യസ്ഥലങ്ങളിലേക്ക് തിരിയാൻ ഗതാഗത സിഗ്നൽ സ്ഥാപിക്കാൻ നിയമമില്ല. അതിനാൽ അല്പം മാറി പാലം കഴിഞ്ഞാണ് ഇത് സ്ഥാപിക്കുന്നത്. അനിൽ അക്കര എം.എൽ.എ.യാണ് ഗതാഗതപരിഷ്കാരത്തിന് മുൻകൈയെടുക്കുന്നത്. സിഗ്നൽ സ്ഥാപിക്കുന്നതിനും റൗണ്ട് നിർമിക്കുന്നതിനും സമീപം ബസ്സ്റ്റോപ്പ് നിർമിക്കുന്നതിനുള്ള സ്ഥലം കിട്ടാൻ അവിടത്തെ മോട്ടോർപ്പുരയും ട്രാൻസ്ഫോർമറും മാറ്റിസ്ഥാപിക്കും. ഇതിന് ധാരണയായതായും അനിൽ അക്കര എം.എൽ.എ. പറഞ്ഞു. സിഗ്നലും റൗണ്ടും സ്ഥാപിക്കുന്നതിന് നാറ്റ്പാക്കിന്റെ വിദഗ്ധോപദേശം തേടിയിട്ടുണ്ട്. ഇത് കിട്ടിയശേഷമാകും പദ്ധതി പൂർത്തിയാക്കുകയെന്നും എം.എൽ.എ. പറഞ്ഞു.

ഫോട്ടോ http://v.duta.us/XZ5ZqQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/k-4hlwAA

📲 Get Thrissur News on Whatsapp 💬