യുവാവിന്റെ കണ്ണിൽ കുരുമുളകുസ്‌പ്രേ തളിച്ച് ഒരുലക്ഷം രൂപ കവർന്നു

  |   Alappuzhanews

വള്ളികുന്നം: ഇരുതലമൂരി പാമ്പിനെ നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ യുവാവിന്റെ കണ്ണിൽ കുരുമുളക്‌ സ്‌പ്രേ തളിച്ചശേഷം അടിച്ചുവീഴ്ത്തി ഒരുലക്ഷം രൂപ കവർന്നു. സംഭവത്തിൽ മൂന്നുപേരെ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തു.ചെട്ടികുളങ്ങര ചക്കരകിഴക്കതിൽ ദീപു (26), കായംകുളം പുള്ളിക്കണക്ക് കൊച്ചയ്യത്ത് പടീറ്റതിൽ അനൂപ് (ജോയി-25), പെരിങ്ങാല കൊക്കാട്ടുകിഴക്കതിൽ സുൽഫിക്കർ (25) എന്നിവരാണ് അറസ്റ്റിലായത്. ആലുവ വാഴക്കുളം ആലുങ്കലിൽ ഷൈജുവാണ് (33) തട്ടിപ്പിനിരയായത്.വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഇലിപ്പക്കുളം മങ്ങാരം ജങ്ഷന് പടിഞ്ഞാറ്‌്‌ കട്ടച്ചിറ വയലിലെ കലുങ്കിന് സമീപമായിരുന്നു സംഭവം. പോലീസ് പറയുന്നത്: പ്രതി ദീപുവും ഷൈജുവും സമൂഹമാധ്യമത്തിലൂടെ സുഹൃത്തുക്കളാണ്. ഇരുതലമൂരി പാമ്പിനെ സ്വന്തമാക്കണമെന്ന ഷൈജുവിന്റെ മോഹം മുതലെടുത്ത് ദീപു ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. രാവിലെ കായംകുളം റെയിൽവേ സ്റ്റേഷനിലെത്തിയ ഷൈജുവിനെയും സുഹൃത്തിനെയും ബൈക്കിൽ കയറ്റി സംഘം കറ്റാനത്തുള്ള ഹോട്ടലിൽ എത്തി.ഇവിടെനിന്ന്‌ ഭക്ഷണം കഴിച്ചശേഷം സുഹൃത്തിനെ ഒഴിവാക്കി ഷൈജുവിനെ ബൈക്കിൽ കയറ്റി സംഭവസ്ഥലത്ത് എത്തിച്ചു. ഇതിനിടെ ഇരുതലമൂരിയുടെ ഉടമസ്ഥനെയാണെന്ന വ്യാജേന പ്രതികൾ ആരോടോ വീഡിയോ കോൾ ചെയ്തു. കച്ചവടം ഉറപ്പിക്കാനായി കൊണ്ടുവന്ന പണം ഫോണിലൂടെ കാണിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരുലക്ഷം രൂപ പോക്കറ്റിൽനിന്ന്‌ എടുത്തതോടെ മുഖത്ത് കുരുമുളക് സ്‌പ്രേ തളിച്ചശേഷം അടിച്ചുവീഴ്ത്തി പണവുമായി രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം കറ്റാനത്ത് ഒറ്റപ്പെട്ടുപോയ സുഹൃത്തിന്റെടുത്ത് ഷൈജു എത്തി.തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. വാഹനം വാങ്ങാനെത്തിയെന്നായിരുന്നു ഷൈജു ആദ്യം പോലീസിനോട് പറഞ്ഞത്. പ്രതികളെ പിടികൂടിയപ്പോഴാണ് ഇരുതലമൂരിയെ വാങ്ങാനെത്തിയതാണെന്ന് മനസ്സിലായത്.കറ്റാനത്തെ ഹോട്ടലിലെ സി.സി.ടി.വി.ദൃശ്യങ്ങളിലൂടെയാണ്‌ പ്രതികളെ തിരിച്ചറിഞ്ഞത്. പുള്ളിക്കണക്കിൽ ഒരു ക്ഷേത്രത്തിന് സമീപം തമ്പടിച്ചിരുന്ന ഇവരെ വൈകീട്ട് പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. 86,000 രൂപയും 13,000 രൂപ ബാങ്ക് വഴി അനൂപ് സുഹൃത്തിന് കൈമാറിയതിന്റെ രേഖയും പ്രതികളിൽനിന്ന്‌ കണ്ടെടുത്തു.1,000 രൂപ പ്രതികൾ ചെലവഴിച്ചിരുന്നു. ഇരുതലമൂരി പാമ്പ് ഇടപാട് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി. അനീഷ് വി.കോര പറഞ്ഞു. എസ്‌.ഐ.ഉണ്ണികൃഷ്ണൻ, എ.എസ്‌.ഐ. അൻവർ സാദത്ത്, സി.പി.ഒ.മാരായ ജയകൃഷ്ണൻ, അമീർഖാൻ, സജീബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഫോട്ടോ http://v.duta.us/UnxgRwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/_eJIlwAA

📲 Get Alappuzha News on Whatsapp 💬