വിറങ്ങലിച്ച വെള്ളിയാഴ്ചയിൽ കണ്ണീരിൽ കുതിർന്ന് പുത്തൻകുളം

  |   Kollamnews

ചാത്തന്നൂർ : തോരാത്ത മഴയിൽ വിറങ്ങലിച്ച വെള്ളിയാഴ്ച പുലർന്നത് പുത്തൻകുളം നിവാസികളുടെ കണ്ണീരിൽ കുതിർന്ന മുഖവുമായി. ചീറിപ്പായുന്ന അഗ്നി-രക്ഷാസേനാ വാഹനത്തിന്റെ ശബ്ദംകേട്ടാണ് പരിസരവാസികൾ ഞെട്ടിയുണർന്നത്.വെള്ളിയാഴ്ച പുലർച്ചെ മൂന്നേകാലോടെ പുത്തൻകുളത്ത് വർഷങ്ങൾ പഴക്കമുള്ള ഓഡിറ്റോറിയത്തിന്റെ ഭിത്തി തകർന്നുവീണ് ഉറങ്ങിക്കിടന്ന രണ്ട്‌ ആനപ്പാപ്പാന്മാർ മരിക്കുകയും രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവം നാടിന്റെ ദുഃഖമായി മാറി.പുത്തൻകുളത്ത് ജോയിഭവനത്തിൽ ഷാജിയുടെ ആനക്കൊട്ടിലിൽ ജോലിചെയ്തിരുന്ന ആനപ്പാപ്പാന്മാരാണ് മരിച്ചത്. ഇയാളുടേതാണ് പഴക്കംചെന്ന ഓഡിറ്റോറിയവും. കല്ലുവാതുക്കൽ മേവനക്കോണം മുല്ലിച്ചിരഴികത്ത്‌ (മണിദീപം) രഞ്ജിത് ചന്ദ്രൻ (36), കിളിമാനൂർ കല്ലറ ഭരതന്നൂർ കുന്നംപാറയിൽ അമ്പുഭവനത്തിൽ മോഹനൻ പിള്ളയുടെ മകൻ അരുൺലാൽ (ചന്തു-32) എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്.പുലർച്ചെ 3.40-നാണ് പരവൂർ അഗ്നിരക്ഷാസേനയ്ക്ക്‌ വിവരം ലഭിക്കുന്നത്. പത്തുമിനിറ്റിനുള്ളിൽ സംഭവസ്ഥലത്തേക്ക് അവരെത്തി. മണ്ണിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരുടെയും മുകളിൽ ഏകദേശം ഒരുലോഡ് ചെങ്കല്ല്‌ വീണിരുന്നു. വെളിച്ചക്കുറവുമൂലം അസ്കാ ലൈറ്റിന്റെ സഹായത്തോടെ ഷവലും മൺവെട്ടിയും പിക്കാക്സും ഉപയോഗിച്ച് മണ്ണുമാറ്റാൻ ശ്രമിച്ചു.ഓഡിറ്റോറിയത്തിനോടുചേർത്ത് അടുക്കിയിരുന്ന ചെങ്കല്ലുകൾ വീഴാൻ തുടങ്ങിയതാടെ മണ്ണിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ പ്രയാസമായി. ഇൗസമയം കൊല്ലം കടപ്പാക്കടയിൽനിന്ന്‌ ജില്ലാ ഫയർ ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റുകൂടി എത്തി. തുടർന്ന് വർക്കലയിൽനിന്നും കുണ്ടറ, ചാമക്കട എന്നിവിടങ്ങളിൽനിന്നുമുള്ള അഗ്നിശമന യൂണിറ്റുകൾകൂടി എത്തി. അഞ്ചുമണിയോടെ മണ്ണുമാന്തിയന്ത്രം എത്തിച്ച് ചെങ്കല്ലുകളും മണ്ണും മാറ്റി.ഓഡിറ്റോറിയത്തിനു പുറത്തായി ഭിത്തിയോടുചേർന്ന് വലിയ കുഴിയെടുത്തശേഷം ഇവിടേക്ക്‌ ഓഡിറ്റോറിയത്തിൽ കിടന്ന മണ്ണെടുത്തിടുകയായിരുന്നു. 6.10 ഓടെ ഒരാളെ പുറത്തെടുത്തു. പത്തുമിനിറ്റിനുള്ളിൽ രണ്ടാമത്തെ ആളെയും. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മണ്ണിനൊപ്പം ചെങ്കല്ലുകൾകൂടി പതിച്ചതാണ് വൻ ദുരന്തമായതെന്ന് അഗ്നി-രക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.ഓഡിറ്റോറിയത്തിന്റെ ഭിത്തികൾ ചുടുകട്ടകൊണ്ട് കെട്ടിയതാണ്. ഇതിനോടുചേർന്ന് ആയിരക്കണക്കിന് ചെങ്കല്ലുകളാണ് അടുക്കിവെച്ചിരുന്നത്. തട്ടുതട്ടായി കിടക്കുന്ന വസ്തുവിന്റെ താഴത്തെഭാഗം കഴിഞ്ഞാൽ ഏലാപ്രദേശമാണ്. കുറച്ചുദിവസമായി തോരാതെ പെയ്യുന്ന മഴയിൽ ഒലിച്ചുവരുന്ന വെള്ളം ചെങ്കല്ലുകളിൽ തടഞ്ഞ് മണ്ണിലേക്ക് ഊർന്നിറങ്ങി. സിമന്റ് പൂശാത്ത ഓഡിറ്റോറിയത്തിന്റെ ഭിത്തിയിലേക്ക് വെള്ളം പിടിച്ചു.പഴക്കംകൊണ്ടും വശങ്ങളിലെ ചെങ്കല്ലിന്റെ മർദംകൊണ്ടും ഭിത്തി തകരുകയായിരുന്നെന്നാണ് അധികൃതരുടെ പ്രാഥമിക റിപ്പോർട്ട്. പുറത്ത് അടുക്കിയിരിക്കുന്ന ചെങ്കല്ലുകൾ നീക്കംചെയ്യാൻ സംഭവസ്ഥലം സന്ദർശിച്ച കളക്ടർ ഉത്തരവിട്ടു.

ഫോട്ടോ http://v.duta.us/opFJQwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/SNilWAAA

📲 Get Kollam News on Whatsapp 💬